വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് നിർഭയസെൽ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾ തടയുന്നതിനുവേണ്ടി കേരള സർക്കാർ GO(MS)17/2012/SWD dt. 13.3.2012 പ്രകാരം അംഗീകരിച്ച് നടപ്പിലാക്കി വരുന്ന നൂതന നയപരിപാടിയാണ് നിർഭയനയം. ലൈംഗീക പീഡനം, ലൈംഗീകാതിക്രമം, ലൈംഗീക വൃത്തിക്കുവേണ്ടിയുള്ള മനുഷ്യക്കടത്ത് തുടങ്ങിയവയ്ക്കെതിരെയുള്ള ശക്തമായ പ്രവർത്തനങ്ങൾക്കാണ് നിർഭയപോളിസി മുൻതൂക്കം നൽകുന്നത്. നിർഭയപോളിസി പ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് പ്രതിരോധം, സംരക്ഷണം, നിയമനടത്തിപ്പ്, പുനരധിവാസവും പുനരേകീകരണവും എന്നീ നാല് പ്രധാന മേഖലകളിലെ ഇടപെടലുകളാണ് സ്റ്റേറ്റ് നിർഭയസെൽ ലക്ഷ്യമിടുന്നത്.
സ്റ്റേറ്റ് നിർഭയസെൽ മുഖേന നടപ്പിലാക്കുന്ന പരിപാടികൾ
- വിമൺ ആന്റ് ചിൽഡ്രൻ ഹോം
വനിത ശിശുവികസന വകുപ്പിന്റെ കീഴിലെ സ്റ്റേറ്റ് നിർഭയ സെല്ലിന്റെ നേതൃത്വത്തിൽ ലൈംഗീക അതിക്രമങ്ങൾ അതിജീവിച്ചവർക്ക് സുരക്ഷിത അഭയം നൽകുന്നതിന് നിലവിൽ പതിമൂന്ന് ഹോമുകൾ തിരുവനന്തപുരം-3, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട്, കാസർഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ സന്നദ്ധസംഘടനകളുടെ ദൈനംദിന മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു. നിലവിൽ ഹോം ഇല്ലാത്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കേരള മഹിള സമഖ്യ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ ഹോം ആരംഭിക്കാനുള്ള ത്വരിത നടപടികൾ സ്വീകരിച്ചുവരുന്നു. വിമൺ ആന്റ് ചിൽഡ്രൻ ഹോമുകളിലെ താമസക്കാരുടെ പുനരധിവാസത്തിനാവശ്യമായ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കൌൺസിലിംഗ്, വൈദ്യസഹായം, നിയമസഹായം എന്നിവ ഹോമുകളിലൂടെ നൽകിവരുന്നു.
- എസ്.ഒ.എസ്. മോഡൽ ഷെൽട്ടർ ഹോം
12 വയസ്സിനു താഴെയുള്ള ലൈംഗീക അതിക്രമങ്ങൾ അതിജീവിച്ചവർക്ക് തിരുവനന്തപുരം ജില്ലയിൽ 16.11.18 ൽ മോഡൽ ഷെൽട്ടർ ഹോം പ്രവർത്തനം ആരംഭിച്ചു.തിരുവനന്തപുരം ജില്ലയിലെ എസ്.ഒ.എസ്. ഹോമിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ലൈംഗീക അതിക്രമങ്ങൾ അതിജീവിച്ചവർക്ക് സുരക്ഷിത ഹോം ഉറപ്പാക്കും.കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്കായി കോഴിക്കോട് ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നു.
- തേജോമയ ഹോം ആഫ്റ്റർ കെയർ ഹോം
നിലവിൽ വിമൺ ആന്റ് ചിൽഡ്രൻ ഹോമിൽ താമസിച്ചുവരുന്നവരിൽ ജോലി ലഭിച്ചവർക്കും ജോലി ലഭിക്കാൻ സാധ്യതയുള്ളവർക്കും വേണ്ടിയുള്ള ഹോമും സ്കിൽ ട്രെയിനിംഗും നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
- ഇന്റഗ്രേറ്റഡ് കെയർ സെന്റർ (ICC)
വിമൺ ആന്റ് ചിൽഡ്രൻ ഹോമിലെ നിലവിലെ താമസക്കാരിൽ ഗർഭകാലം മുതൽ ഗർഭാനന്തരം വരെയുള്ള പരിചരണം ആവശ്യമുള്ളവർക്കും എം.ടി.പി. കഴിഞ്ഞവർക്കും പ്രത്യേക പരിഗണനയും സുരക്ഷയും നൽകുന്നതിന് ജൂലൈ 2019 ൽ ഹോം ആരംഭിക്കുന്നതിനുള്ള ത്വരിത നടപടികൾ സ്വീകരിച്ചുവരുന്നു.
- ഹോം ഫോർ മെന്റൽ ഹെൽത്ത്
വിമൺ ആന്റ് ചിൽഡ്രൻ ഹോമിലെ നിലവിലെ താമസക്കാരിൽ മാനസിക വെല്ലുവിളി നേരിടുന്നവരും കടുത്ത മാനസിക ആഘാതം ഉള്ളവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുവേണ്ടിയുള്ള ഹോം ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നതാണ്.
- വൺസ്റ്റോപ്പ് സെന്റർ (OSC)
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ വീഡിയോ കോൺഫറൻസിംഗ് സംവിധാനം, എമർജൻസി ഷോട്ട് സ്റ്റേ ഹോം, വൈദ്യസഹായം, കൌൺസിലിംഗ്, പോലീസിന്റെ സഹായം, നിയമസഹായം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തി ആവർത്തിച്ച് ഇരയാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സഖി വൺസ്റ്റോപ്പ് സെന്റർ.കേന്ദ്ര സർക്കാരിന്റെ 100% ധനസഹായത്തോടം വനിതശിശുവികസന വകുപ്പിലെ സ്റ്റേറ്റ് നിർഭയസെൽ നോഡൽ ഏജൻസിയായി ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ടാസ്ക് ഫോഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കീം നടപ്പിലാക്കുന്നത്. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ നിലവിൽ സ്ഥാപനം പ്രവർത്തിക്കുന്നു. 2018-19 സാമ്പത്തിക വർഷം ബാക്കി 9 ജില്ലകളിൽ കൂടി വൺസ്റ്റോപ്പ് സെന്റർ ആരംഭിക്കുന്നതിന് ഫണ്ട് അനുവദിക്കുകയും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നു.
- ആശ്വാസനിധി
ലൈംഗീകാതിക്രമങ്ങൾ, ആസിഡ് ആക്രമങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ, ജെന്റർ ബേസ്ഡ് അതിക്രമങ്ങൾ എന്നിവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്നതിനായി സ.ഉ.(സാധാ) നം. 701/2018/സാനീവ തീയതി 10.12.2018 പ്രകാരം ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസനിധി.
വനിതാശാക്തീകരണം, ജെന്റർ അവബോധം തുടങ്ങിയ വിഷയങ്ങളിൽ അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ സാമൂഹ്യപ്രവർത്തകർ, പൊതു പ്രവർത്തകർ, രക്ഷാകർത്താക്കൾ എന്നിവർക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 5 വൺസ്റ്റോപ്പ്സെന്ററുകൾ മുഖേന ക്യാമ്പയിനുകൾ സംഘടിപ്പിച്ചുവരുന്നു.സ്റ്റേറ്റ് നിർഭയസെല്ലിന്റെ ആഭിമുഖ്യത്തിൽ IEC പരിപാടികൾ നടത്തിവരുന്നു.
- കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിമൻ ആന്റ് ചിൽഡ്രൻ ഹോം ആരംഭിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
- സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ജൂലൈ മാസത്തിനുള്ളിൽ വൺസ്റ്റോപ്പ് സെന്ററുകൾ ആരംഭിക്കുന്നതാണ്.
- സ്കൂൾ പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് തേജോമയ ആഫ്റ്റർകെയർ ഹോം, എം.ടി.പി. കഴിഞ്ഞവർക്കും പ്രസവാനന്തര പരിചരണം ആവശ്യമുള്ളവർക്കായി ഇന്റഗ്രേറ്റഡ് കെയർ സെന്റർ ഉടനെ ആരംഭിക്കുന്നതാണ്.
- ഹോമിലെ ജീവനക്കാരുടെ ഒഴിവുള്ള തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
- ഹോം ഫോർ മെന്റൽ ഹെൽത്ത് എന്ന സ്ഥാപനം തൃശ്ശൂർ ജില്ലയിൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉത്തരകേരളത്തിലെ വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിലെ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഭവനാന്തരീക്ഷം നൽകി പരിപാലിക്കുന്നതിനായി കോഴിക്കോട് ജില്ലയിൽ എസ്.ഒ.എസ്. ഹോം തുടങ്ങുന്നതിന് ഉത്തരവായിട്ടുണ്ട്.